ആലുവ/കാലടി: ആലുവ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും അയ്യന്പുഴ ഒലിവ് മൗണ്ട് ഭാഗത്തുനിന്നുമായി 42 കിലോ കഞ്ചാവ് പിടികൂടി. ആലുവ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 15 കിലോ കഞ്ചാവും അയ്യന്പുഴ ഒലിവ് മൗണ്ട് ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ കൈയിൽ നിന്ന് 27 കിലോ കഞ്ചാവുമാണ് കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളായ വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സെന്റു സർക്കാർ (32), ഇനാമുൽ ഹഖ് (36) എന്നിവരെ അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എറണാകുളത്തെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിൽ വരുന്ന വഴി യാണ് ഇതര സംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി പിടിയിലായത്. പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3,000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 25,000 രൂപ നിരക്കിൽ വില്പന നടത്തി മടങ്ങുതായിരുന്നു ഇവരുടെ രീതി. ഇന്ത്യാ- ബംഗ്ലാദേശ് അതിർത്തി പ്രദേശത്താണ് ഇവർ താമസിക്കുന്നത്. ഇവർ കഞ്ചാവ് കൈമാറിയിരുന്നവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ആലുവ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇന്നലെ രാത്രി 7.30ഓടെ ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസ് ട്രെയിൻ ആലുവ സ്റ്റേഷൻ വിട്ടതിന് പിന്നാലൊണ് രണ്ട് ബാഗുകളിലായി കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ എട്ടു ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഇതരസംസ്ഥാനക്കാരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി.